വൈത്തിരി: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട വെള്ളംകൊല്ലിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം.കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുന്ന പന്നികള്‍ വലിയ തോതിലാണ് കൃഷി നശിപ്പിക്കുന്നത്. പാവല്‍, പടവലം, വാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് അവ കുത്തിമറിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സമീപ ദിവസങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായത്.
വിളവെടുപ്പിന് പാകമായ കൃഷികള്‍ നശിച്ച കര്‍ഷകര്‍ കണ്ണീരിലാണ്. പന്നികളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വേലികളും മറ്റു താത്കാലിക സംവിധാനങ്ങളും ഫലം ചെയ്യുന്നില്ല. ആളുകളുടെ ജീവനും കാട്ടുപന്നികള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാര്‍ക്കുനേരേ പന്നികള്‍ പാഞ്ഞടുക്കുന്നത് അപൂര്‍വതയല്ലാതായി.
കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന് പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണ് വെള്ളംകൊല്ലി നിവാസികളുടെ ആവശ്യം.